Tuesday, July 26, 2016

നവോനവോത്ഥാനത്തിന്

നവോനവോത്ഥാനത്തിന് പല വിമര്‍ശന സ്ഥാനങ്ങളുണ്ട്. ഇന്ന് മതവിമര്‍ശനമെന്നത്, ജാതി വിമര്‍ശനമെന്നത്, അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും നൂറുശതമാനവും പൊരുത്തപ്പെട്ടു പോവുന്ന നമ്മുടെ ഗാര്‍ഹിക ജീവിതത്തിന്‍റെ ഉള്ളടരുകളെ വിമര്‍ശിക്കുക എന്നത് കേരളത്തില്‍ ഒട്ടൊക്കെ അസാദ്ധ്യമായിക്കഴിഞ്ഞ ഒരു കാലമാണ്. നിങ്ങള്‍ക്ക് ഇന്ത്യയിലെ ഏത് രാഷ്ട്രീയ നേതാവിനെയും വിമര്‍ശിക്കാന്‍ കഴിയുമെങ്കിലും പ്രബലരായ ആള്‍ദൈവങ്ങളെ പൊതുവേദിയില്‍ നിന്ന് വിമര്‍ശിക്കാന്‍ കേരളത്തില്‍ കാര്യമായൊന്നും കഴിയില്ല. 1971ലാണ് നിര്‍മ്മാല്യം പ്രദര്‍ശനത്തിന് വരുന്നത്... ദേവീവിഗ്രഹത്തിന്‍റെ മുഖത്ത് കാറിത്തുപ്പിക്കൊണ്ട് മരിച്ചുവീഴുന്ന ഒരു വെളിച്ചപ്പാടാണ് അവസാനരംഗം. അത് പി.ജെ ആന്‍റണിയുമായിരുന്നു. ഇന്ന് ഒരു ക്രിസ്ത്യാനി ഒരു ദൈവവിഗ്രഹത്തിന്‍റെ മുഖത്ത് കാറിതുപ്പുന്ന ഒരു രംഗം ചിത്രീകരിച്ചുകൊണ്ട് ഒരു സിനിമയോ നാടകമോ ഒരു കഥയോ എഴുതാനുള്ള ഇടം കേരളത്തിലില്ല. ഞാനിത് ആലങ്കാരികമായിട്ടോ, പറഞ്ഞ് പറഞ്ഞ് കെട്ടുപോയ ഒരാശയമായിട്ടോ പറയുകയല്ല, മറിച്ച് ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. മതവിമര്‍ശനത്തിന്‍റെ ഇടം കേരളത്തെ സംബന്ധിച്ച് കുറഞ്ഞ് കുറഞ്ഞ് വരുകയാണ്. വിമര്‍ശനങ്ങളൊക്കെ ഔപചാരിക വിമര്‍ശനങ്ങളായിതീരുകയും, നമ്മുടെ ജീവിതത്തിന്‍റെ ഏറ്റവും ആഴത്തിലുള്ള പ്രതിസന്ധികള്‍ മിക്കവാറും വിമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. കേരളീയ നവോത്ഥാനം ലക്ഷ്യം വെച്ച ആശയപരമായ ഒരു സ്ഥാനം ഇന്ന് ഏതാണ്ട് വലിയതോതില്‍ നിരാലംബമായി തീര്‍ന്നിട്ടുണ്ട് എന്ന് ചുറ്റും നോക്കിയാല്‍ നമുക്ക് കാണാന്‍ പറ്റും. എത്രമേല്‍ മതവത്ക്കരിക്കപ്പെട്ടാലും എത്രമേല്‍ യാഥാസ്ഥിതികമായിത്തീര്‍ന്നാലും ആ യാഥാസ്ഥിതികതയോട് നേര്‍ക്കുനേര്‍ നിന്ന് ഇടയാന്‍ കഴിയുന്ന ഒരാത്മബലത്തിന്‍റെ വലിയ അഭാവം നമ്മുടെ പൊതുജീവിതത്തില്‍ വളരെ വളരെ പ്രബലമായിരിക്കുന്നത് നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്.
സുനിൽ പി  ഇളയിടം 

No comments:

Post a Comment